Wednesday, January 20, 2010

രമ്യാ ആന്റണിയുടെ കവിതകള്‍..


... .

അര്‍ബുദക്കിടക്കയിലും കവിതയുടെ കരുത്തിലൂടെ ജീവിതത്തോടു സംവദിക്കുന്ന കവയത്രി രമ്യാ ആന്റണിയുടെ ഇരുപത്തിനാലു കവിതകള്‍ക്ക് തിരുവനന്തപുരം ഫൈനാര്‍ട്ട്സ് കോളേജിലെ നൂറിലേറെ വിദ്യാര്‍ഥികള്‍ ദൃശ്യരൂപമൊരുക്കി . ഏകദിന ചിത്ര ശില്‍പ്പശാല രമ്യാ ആന്റണി ഉദ്ഘാടനം ചെയ്തു . ഡോ ടി എന്‍ സീമ കവിതകള്‍ പരിചയപ്പെടുത്തി . ഷാന്റോ ആന്റണി (പെയിന്റിംഗ് ) രാജീവന്‍ (സ്ക്കള്‍പ്പ്ച്ചര്‍ ), സുജിത് (പെയിന്റിംഗ് ), നിസാര്‍ എല്‍ (പെയിന്റിംഗ് ) എന്നിവര്‍ നേതൃത്വം നല്‍കി . കുരീപ്പുഴ ശ്രീകുമാര്‍ , പ്രിന്‍സിപ്പല്‍ അജയകുമാര്‍ , കെ ജി സൂരജ്, ബാബൂ രാമചന്ദ്രന്‍, സന്തോഷ്‌ വിത്സണ്‍, ഡോ ജയന്‍ ദാമോദരന്‍ , സന്ധ്യ എസ് എന്‍ എന്നിവര്‍ സംസാരിച്ചു . ചിത്രങ്ങള്‍ ജനുവരി 24 വൈകുന്നേരം 4 ന് തിരുവനന്തപുരം പ്രസ്‌ ക്ലബ് നടക്കുന്ന പുസ്തക പ്രകാശന ചടങ്ങില്‍ പ്രദര്‍ശിപ്പിക്കും ...

Asianet feature : http://www.youtube.com/watch?v=_74Aa7goh_E

Tuesday, January 19, 2010

മിന്നാമിനുങ്ങ്‌
എനിക്കിപ്പോൾ

കടൽ കാണുന്നതിനോ,

ആകാശത്തിലേക്കു

നോക്കുന്നതിനോ ആകുന്നില്ല.

തടവറകളും

ഇതുപോലെയാകുമോ..?

നക്ഷത്രമില്ലാതെ...

ആകാശമില്ലാതെ...

മതിലുകളാൽ

ബന്ധനങ്ങളാൽ

ചുറ്റപ്പെട്ട്‌...

ഈ രാത്രി

ഞാനൊരു മിന്നാമിനുങ്ങാകാം...

ഇരുട്ടിനെ പ്രകാശത്താൽ ചുംബിച്ച്‌

നിങ്ങളിലേക്ക്‌ പറന്നു വരാം..

.

കൂട്ടിരിപ്പ്‌

.
ആഘോഷങ്ങളുടെ
സന്തോഷങ്ങളിലും
ഒറ്റയ്ക്കായ ഒരു ചെറുമുറി...
.
നിനക്കും അവർക്കൊപ്പം
ആടുകയും പാടുകയും
ചെയ്യാമായിരുന്നല്ലോ...
.
ഉയർന്ന നിലവാരത്തിലുള്ള
അപ്പരുചികളിൽ മദിച്ചും
പതയുന്ന വീഞ്ഞിൽ
പുതച്ചും നടക്കാമായിരുണല്ലോ...
.
എന്നിട്ടും,
ചാര നിറമുള്ള
ചെറുമുറിയിൽ
എനിക്കൊപ്പം കൂട്ടിരിക്കാൻ
നിനക്കെങ്ങനെയാകുന്നു...

Monday, January 18, 2010

ശലഭായനം


'
നിന്റെയസാന്നിദ്ധ്യം
ഏറെയസ്വസ്ഥമാക്കുന്നു...
.
പ്രണയലേഖനങ്ങൾ
നീലനിറമുള്ള ശലഭങ്ങളാണ്‌...
.
എന്റെ ഗണിതപുസ്തകം; നിനക്ക്‌...
നിന്റെ ചുറ്റിനും
നൃത്തം ചെയ്യുന്ന
നൂറു ശലഭങ്ങൾ...
'

ഇളം പച്ചനിറം


.. പൊടി പറക്കുന്ന വെയിലിലേക്ക്‌
നീ നടക്കുമെന്ന് പ്രതീക്ഷിച്ചതേയില്ല...
ദാഹിച്ചു വശം കെടുമ്പോള്‍
നിന്റെ ചുണ്ടുകൾ നനയ്‌ക്കാൻ
വാടിത്തളർന്ന
നാവു മാത്രമാണവശേഷിക്കുന്നത്‌...
എങ്കിലും,
നഷ്ടങ്ങളുടെ ചൂടിലേക്ക്‌
നിന്റെ കാൽ പതിഞ്ഞപ്പോൾ
വറ്റിയ പുഴകളിൽ
സ്നേഹത്തിന്റെ ജലസമൃദ്ധി...
ഉണങ്ങിയ ചില്ലകൾക്ക്‌
ഇളം പച്ചനിറം...

Sunday, January 3, 2010

ഉണരാത്ത നിദ്ര

വരുമൊരിക്കല്‍, എന്‍റെയാ നിദ്ര
നിശബ്ദമായി...
.
മനസും ആത്മാവും
നിന്നെ ഏല്പിച്ച് ,
വെറും ജഡമായി...
.
ചുറ്റുമുള്ളതൊന്നും
കാണാതെ, കേള്‍ക്കാതെ,
നശ്വരമാം ബന്ധങ്ങളിലെ
വേദന എന്തെന്നറിയാതെ,
.
പ്രണയിക്കുവാന്‍ കാമിനിയില്ലെന്നു
പരിഭവിക്കാതെ.
.
പ്രതീക്ഷിക്കുവാന്‍ ഏതുമില്ലാതെ...
.
പ്രകൃതിയുടെ ഞരക്കം പോലും
തട്ടിയുണര്‍ത്താതെ.

നീ ഒന്നു വേഗം വന്നുവെങ്കില്‍...
.

എന്നിലെ ഞാന്‍


.
ബാല്യമെന്നില്‍ കുസൃതി
കാട്ടാന്‍ വെമ്പുമ്പോള്‍,
ഏകാന്തതയില്‍
കരയുവാന്‍‍
ഞാന്‍ പഠിച്ചു...


കൗമാരമെന്നില്‍ ‍ പ്രണയം
വിരിയിച്ചപ്പോള്‍,
ചിന്തകള്‍, വാക്കുകള്‍, പ്രവൃത്തികള്‍,
അവയെ തല്ലിക്കെടുത്തി......!

ഇന്ന്,
യൗവ്വനമെനിക്ക് കൂട്ടായി
ആയിരം നോവുകള്‍ തന്നപ്പോള്‍,
എന്നിലേക്ക്‌
പിന്നെയും ഞാനൊന്നു നോക്കി...

കണ്ടെത്തി ഞാന്‍,
നിങ്ങളാണ് എന്നെ ഇന്നോളം
ജീവിപ്പിച്ചതെന്ന്‍..

ദു:ഖത്തിന്‍ കനലുകൾ
‍എന്‍റെ സുഖത്തെ കെടുത്തട്ടെ...

കണ്ണുനീര്‍, ഏകാന്തതയിലെനിക്ക്
കൂട്ടായിക്കോട്ടെ.......

ഞരങ്ങുമെന്‍ അന്തരാത്മാവ്
നിഴല്‍ പോലെ
എന്നെ വേട്ടയാടട്ടെ...

.

.